This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാരായണപിള്ള, പി.കെ. ഡോ.

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

നാരായണപിള്ള, പി.കെ. ഡോ. (1910 - 90)

ചിത്രം:Dr.P.K.narayanapilla.png

മലയാള സാഹിത്യകാരനും, സംസ്കൃതപണ്ഡിതനും, ഗവേഷകനും. 1910 ഡി. 25-ന് തിരുവല്ലയില്‍ ജനിച്ചു. പിതാവ് പാലേക്കര കൊട്ടാരത്തില്‍ ഗോദവര്‍മയും മാതാവ് പുത്തില്ലത്ത് ലക്ഷ്മിയമ്മയും. 1930-ല്‍ ബി.എ. പാസ്സായതിനുശേഷം സംസ്കൃതത്തിലും (1935) മലയാളത്തിലും (1936) എം.എ. ബിരുദവും ബോംബെ സര്‍വകലാശാലയില്‍ നിന്ന് വൈദികസംസ്കൃതത്തില്‍ പിഎച്ച്.ഡി.യും (1949) നേടി. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ട്യൂട്ടര്‍ (1936-39) ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. ബറോഡയിലും മറ്റു സ്ഥലങ്ങളിലും പോയി ശാസ്ത്രീയമായ ലൈബ്രറി പ്രവര്‍ത്തന രീതികള്‍ പഠിച്ചു. തുടര്‍ന്ന് മാനുസ്ക്രിപ്റ്റ് ലൈബ്രറി ക്യുറേറ്റര്‍ (1939-40; 48-52), യൂണിവേഴ്സിറ്റി കോളജ് സംസ്കൃതം പ്രൊഫസര്‍ (1952-59), സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍ (1957-63) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1966-ല്‍ കേരളസര്‍വകലാശാലയില്‍ മലയാളം വകുപ്പ് ആരംഭിച്ചപ്പോള്‍ അതിന്റെ മേധാവിയാവുകയും വകുപ്പില്‍ വിപുലമായ ഗവേഷണവിഭാഗം കെട്ടിപ്പടുക്കുകയും ചെയ്തു. 1970-ല്‍ തത്സ്ഥാനത്തു നിന്ന് വിരമിച്ചശേഷം 1971 മുതല്‍ സംസ്കൃത സര്‍വകലാശാല ആരംഭിക്കുന്നതിനുള്ള സ്പെഷ്യല്‍ ഓഫീസറായി പ്രവര്‍ത്തിച്ചു.

കേരളസര്‍വകലാശാല പൗരസ്ത്യഭാഷാവിഭാഗം ഡീന്‍, സിന്‍ഡിക്കേറ്റ് അംഗം, സമസ്ത കേരള സാഹിത്യപരിഷത്, കേരള ഹിന്ദിപ്രചാരസഭ, ദേവസ്വംബോര്‍ഡ് സംസ്കൃതവിഭാഗം എന്നിവയുടെ അധ്യക്ഷന്‍, ഉള്ളൂര്‍ സ്മാരകത്തിന്റെ സ്ഥാപക അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. സംസ്കൃതത്രൈമാസികം, ഭാഷാത്രൈമാസികം, ഗ്രന്ഥാലോകം തുടങ്ങിയ മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ട്.

സംസ്കൃതം, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി നിരവധി കൃതികള്‍ രചിച്ചു. ഇവയില്‍ വിമര്‍ശനം, ഗവേഷണം, സംശോധിത സംസ്കരണം, വ്യാഖ്യാനം, മഹാകാവ്യം എന്നിവ ഉള്‍പ്പെടുന്നു. രാമകഥപ്പാട്ട് ഭാഷാപരിമളം, സാഹിതീകടാക്ഷം, സംസ്കാരകൌതുകം, സാഹിത്യകേളി, അക്ബര്‍ - നവീകൃതം, ചിന്താരത്നം - സംശോധിത സംസ്കരണം, മയൂരസന്ദേശം - വ്യാഖ്യാനം, ആശാന്റെ ഹൃദയം, സംസ്കൃതഭാഷാ പ്രണയികള്‍, വീരജനനി, വിശ്വഭാനു എന്നിവയാണ് പ്രധാന കൃതികള്‍. ഇവയ്ക്കു പുറമേ നിരവധി കൃതികള്‍ക്ക് അവതാരികകളും എഴുതിയിട്ടുണ്ട്.

കോവളത്തിനടുത്തുള്ള ഔവാടുതുറ അയ്യിപ്പിള്ള ആശാന്റെ അധികം അറിയാതിരുന്ന രാമകഥപ്പാട്ടിന്റെ കയ്യെഴുത്തുപ്രതികള്‍ കുഴിത്തുറയില്‍ നിന്നും പെരുങ്കടവിളയില്‍ നിന്നും കണ്ടെടുത്ത് ഭാഷാപരിമളം എന്ന വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ചതാണ് ഗവേഷണ മേഖലയില്‍ ഇദ്ദേഹം ചെയ്ത പ്രധാന സംഭാവന. ഇദ്ദേഹത്തിന്റെ വിമര്‍ശന കൃതികളില്‍ ശ്രദ്ധേയം ആശാന്റെ ഹൃദയം, സാഹിതീകടാക്ഷം എന്നിവയാണ്. ധ്വനിദര്‍ശനം, കൈരളീധ്വനി എന്നിവ സൈദ്ധാന്തിക വിമര്‍ശനത്തിന് ഇദ്ദേഹം നല്കിയ പ്രധാന സംഭാവനകളാണ്.

സംസ്കൃതഭാഷാ പ്രണയികള്‍ എന്ന പ്രബന്ധസമാഹാരത്തില്‍ വില്യം ജോണ്‍സ്, ബ്യൂള്‍സ്, മാക്സ്മുള്ളര്‍, മോണിയര്‍ വില്യംസ്, മക്ഡോണല്‍ എന്നീ പാശ്ചാത്യ പണ്ഡിതന്മാരുടെ വിശിഷ്ട സംഭാവനകള്‍ അപഗ്രഥിച്ചിരിക്കുന്നു. പഴയ ക്ളാസ്സിക്കുകളായ ചിന്താരത്നം, ഹരിനാമകീര്‍ത്തനം എന്നിവയുടെ സംശോധിതസംസ്കരണം, പ്രാചീന മണിപ്രവാള കാവ്യങ്ങളെക്കുറിച്ചുള്ള പഠനം എന്നിവയും ശ്രദ്ധേയമാണ്. പാഠവിമര്‍ശനത്തിന്റെ മികച്ച മാതൃകകളാണ് പദ്യരത്നം, ചിന്താരത്നം എന്നിവ. ചമ്പുക്കളെക്കുറിച്ചുള്ള പ്രൗഢമായ അവതാരിക പദ്യരത്നത്തെ കൂടുതല്‍ സവിശേഷമാക്കിയിട്ടുണ്ട്. സ്വാമിവിവേകാനന്ദനെ അധികരിച്ച് സംസ്കൃതത്തില്‍ പി.കെ. രചിച്ചിട്ടുള്ള മഹാകാവ്യമാണ് വിശ്വഭാനു. ഇവയ്ക്കുപുറമേ പണ്ഡിതോചിതമായ ചില പഠനങ്ങള്‍ ഇംഗ്ളീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിശ്വഭാനു എന്ന മഹാകാവ്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും കൈരളീധ്വനിക്ക് (1978) കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി. 1990 മാ. 20-ന് ഡോ. പി.കെ. അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍